Saturday, November 27, 2010

കുരിശടികള്‍ ബാക്കിയാകുമ്പോള്‍...

മഞ്ഞും നേര്‍ത്ത വെയില്‍നൂലുകളുംചുറ്റും വന്നു പൊഴിയുന്നുണ്ടായിരുന്നു..
ഇരുപുറവും മുളങ്കാടുകള്‍ സംഗീതമുതിര്‍ത്തു നിന്നു..

ഇങ്ങനെയൊരു യാത്ര കരുതിയിരുന്നില്ല. മിനിഞ്ഞാന്നാണ്‌ പോളിനെ കാണാന്‍ കോഴിക്കോട്ടെത്തിയത്;
'നിങ്ങള്‍ക്ക്‌ വയനാട്ടില്‍ പോകണോ' എന്ന് പോള്‍ ചോദിച്ചപ്പോള്‍ പിന്നെയൊന്നും ആലോചിച്ചില്ല; ഇഷ്ടംപോലെ എങ്ങനെയും ചെലവാക്കാനുള്ള രണ്ടാഴ്ചയുമായിട്ടാണ് ദുബായില്‍ നിന്നും നാട്ടിലെത്തിയിരുന്നത്.

അടിവാരത്ത് കോടമഞ്ഞുറയുന്നത് കണ്ട് മല കയറി..

"നമുക്കിവിടെ കുറേനേരം വെറുതെ ചുറ്റിയടിക്കാം, ഇവിടുത്തെ കാറ്റും പ്രകൃതിയും നിങ്ങളുടേതും കൂടിയാകട്ടെ".. പോളിന്‍റെ അഭിപ്രായം എത്ര ഹൃദ്യമായി എന്ന് നിമിഷങ്ങള്‍ക്കകം അറിയാന്‍ തുടങ്ങി.

ലക്ഷ്യമില്ലാതെ ഡ്രൈവ് ചെയ്തു തിരക്കുകള്‍ നിറഞ്ഞ റോഡില്‍ നിന്നും തിരിഞ്ഞു. ശാന്തമായി, വിജനമായി ആ വഴി നീണ്ടു മിനുസമായി കിടന്നു.
'ഈ വഴി നേരേ ചെന്ന് തീരുന്നത് ഒരു പുഴക്കരയിലാണ്, പാലമില്ല, അവിടെ കടത്തുണ്ട്, അക്കരെ കര്‍ണാടകമാണ്‌. അപ്പുറമെത്തിയാല്‍ ആകെ മാറും;വരണ്ടകാറ്റ്, മഴ തീരെ കുറവ്, വേറൊരുഭാഷ വേഷം, സംസ്കാരം.. ഓര്‍ക്കണം, ഒരു പുഴക്കിരുപുറവും തമ്മില്‍ എത്രയാണ് മാറ്റങ്ങള്‍ എന്ന്.."

വഴിക്കിരുവശവും നിറയെ ഇലച്ചാര്‍ത്തുകള്‍..മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ മാനുകള്‍ ഓടി മറയുന്നതു കണ്ടു..
കണ്ണടച്ചു ചാരിയിരുന്നു..
പച്ചപ്പട്ടു പരവതാനി വിരിച്ച വീഥിയിലൂടെ, പൊന്‍തേരിലേറിയ രാജകുമാരിയായി ഞാന്‍
സുന്ദരമായൊരു സ്വപ്നത്തിലേക്ക് ഒഴുകി...

പക്ഷെ അധിക നേരം അത് നീണ്ടില്ല; എന്‍റെ ആറു വയസ്സുകാരന്‍ മകന്‍, കിത്തു, ഒച്ചയിട്ട് പാട്ട് തുടങ്ങി..

'നമുക്കിവിടെ എവിടെയെങ്കിലും വണ്ടി ഒതുക്കാം'.. പോള്‍ ഡ്രൈവറോട് പറഞ്ഞു.
അരികു ചേര്‍ത്ത് വണ്ടി നിര്‍ത്തി.. തൊട്ടരികെ ആനകള്‍ വെള്ളം കുടിക്കാന്‍ വരുന്ന ചെറിയൊരു തടാകവും പുല്‍പ്പരപ്പും..തടാകത്തിലെക്കൊഴുകുന്ന ചോലയോടു ചേര്‍ന്ന മണ്‍കൂനമേല്‍ ഉയരം കുറഞ്ഞ, നിറയെ വെള്ളപ്പൂക്കള്‍ വിരിഞ്ഞ ഒരു മരം..

'അപ്പുറത്തെ പൊന്തക്കാട്ടില്‍ മയിലുണ്ട്..' പോള്‍ പറഞ്ഞു.. കുറെ നേരം കാത്തുവെങ്കിലും ഒരു മയില്‍പേട പോലും അവിടെയെങ്ങും വന്നില്ല..

'ഇവിടെ അടുത്ത് എന്‍റെ ഒരു കൂട്ടുകാരന്‍റെ വീടുണ്ട്, നമുക്കവിടെ വരെ ഒന്ന് പോയാലോ?' പോള്‍ ചോദിച്ചു. സന്തോഷത്തോടെ ഞങ്ങള്‍ സമ്മതം പറഞ്ഞു.
യാത്ര തുടര്‍ന്നു..

മരങ്ങള്‍ക്കിടയില്‍ അതിശയകരമായ വലുപ്പമുള്ള ചിതല്‍പ്പുറ്റുകള്‍ കാണാന്‍ തുടങ്ങി..
'ഈ സ്ഥലത്തിന്‍റെ പേര് ചിതലയം എന്നാണ്; പണ്ട് വാത്മീകി ഇവിടെയാണ് തപസ്സിരുന്നതെന്നാണ് വിശ്വാസം' ..
ശരിയായിരിക്കാം, ആറും എട്ടും അടി വരെ ഉയരമുള്ള ചിതല്‍പ്പുറ്റുകളാണ്..
അപ്പോള്‍ സീത..??
'സീതയും ഇവിടെയുണ്ടായിരുന്നു'
മനസ്സിലും ശരീരത്തിലും നേര്‍ത്തൊരു തരിപ്പ് അരിച്ചുകയറി..
രാമനുപേക്ഷിച്ച സീത നടന്ന വഴികളാണിത്..

അല്‍പ്പം കൂടി മുന്നോട്ടു ചെന്ന് ടാര്‍ റോഡില്‍ നിന്നും മണ്‍ വഴിയിലേക്ക്തിരിഞ്ഞു..
ഒരു കൂട്ടം ആദിവാസി സ്ത്രീകള്‍ അതിലേ വന്നു.. അപ്രതീക്ഷിതമായി ഒരു വാഹനം കണ്ടതിന്‍റെ പകപ്പോടെ ഒരരികിലേക്ക് അവര്‍ ഒതുങ്ങി നിന്നു..
വഴിയുടെ രണ്ടു വശത്തും കാപ്പിത്തോട്ടങ്ങളാണ്, ഇടയ്ക്കിടെ വീടുകളുമുണ്ട്- ഓടിട്ടതും, വാര്‍ത്തതും.
കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ ഒരു കുരിശടി കണ്ടു, അതിനോടു ചേര്‍ന്നു
മുകളിലേക്ക് പടവുകളുണ്ട്..
'തെക്കു നിന്നു കുടിയേറി വന്നവരാണ് ഇവിടെയുള്ളത്, അവരുടെ വക പള്ളിയാണ്, ഒരു കന്യാസ്ത്രീ മഠവുമുണ്ട്'.. പോള്‍ പറഞ്ഞു.

കുറച്ചുകൂടി ചെന്ന് വണ്ടി സാമിന്‍റെ വീടിനു മുന്നില്‍ നിര്‍ത്തി..
റോഡില്‍ നിന്നും വീട്ടുമുറ്റത്തേക്ക് വെട്ടുവഴിയുടെ ഇരുപുറവും തഴച്ച കാപ്പിച്ചെടികള്‍.. ഇടക്കിടെ ചോലമരങ്ങള്‍.. ഇന്നലെ വൈകിട്ടു വിരിഞ്ഞു കൊഴിഞ്ഞ അന്തിമുല്ലപ്പൂക്കള്‍ വഴിയുടെ അരികു നീളെ...

തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരുന്നവര്‍ അടുത്തേക്ക് വന്നു.. 'നിങ്ങളാണോ ഇത് വാങ്ങാന്‍ പോകുന്നത്?' അവരിലൊരാള്‍ ചോദിച്ചു..
'ഇത് വില്‍ക്കാനാണോ?' ഞാന്‍ പോളിനോട് ചോദിച്ചു..
'അറിയില്ല, സാം ഒന്നും പറഞ്ഞില്ല'..

ഞങ്ങളെ കണ്ട് സാമിന്‍റെ അപ്പന്‍ അവരാച്ചന്‍ പുറത്തേക്കു വന്നു.. പോളിനെ കെട്ടിപ്പിടിച്ചു..നിറഞ്ഞ ചിരിയോടെ ഞങ്ങളെയും സ്വീകരിച്ചു.. അവരാച്ചന്‍റെ ഭാര്യയും മകളും മുറ്റത്തു നില്‍ക്കുന്നുണ്ടായിരുന്നു, അവരും അടുത്തേക്കു വന്നു; പോള്‍ ഞങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തി.
വിശാലമായ ഒറ്റനില വീടാണത്.. സിറ്റൌട്ടില്‍ അഞ്ചാറു ചൂരല്‍ക്കസേരകള്‍, ടീപോയ് മേല്‍ മനോരമ പത്രം.. അകത്തെ ഹാളിലെ ചുവരില്‍ പരുമല തിരുമേനിയുടെ വലിയൊരു ചിത്രം..അതിനു താഴെ കുരിശും, ജപമാലയും.. എനിക്കത് ഏറെ
പരിചിതമായൊരു വീടുപോലെ തോന്നി..

അവരാച്ചന്‍റെ ഭാര്യ എന്‍റെ കയ്യില്‍ പിടിച്ചു..'വാ, അകത്തേക്ക് പോകാം'.. കയ്യിലെ പിടി വിടാതെ അവര്‍ അകത്തേക്ക് നയിച്ചു..
'ഞാന്‍ മേരി, ഇത് എന്‍റെ മോള് എല്‍സി.. ഇവളുടെ മൂത്തതാണ് സാം..അതിനും മൂത്തത് ബെന്നി.. അവരു രണ്ടു പേരും കൂടി അങ്ങു അടിവാരത്ത് ഒരു വര്‍ക്ക്ഷോപ്പ്‌ നടത്തുകയാണ്..ആഴ്ചയിലൊരിക്കല്‍ വരും.. കാര്യമായിട്ടൊന്നും അവിടെ വരുമാനമില്ല..അവരുടെ ചെലവു നടക്കും.. എന്നാലും ഇടയ്ക്കു വല്ലപ്പോഴും എനിക്കും കുറച്ചു കാശ് കൊണ്ടുതരും'..

ഹാളും, ഊണുമുറിയും കടന്നു അടുക്കളയിലെത്തുമ്പോഴേക്കും മേരി ആ കുടുംബത്തിന്‍റെ ഒരേകദേശചിത്രം തന്നു..

'ഇരിക്ക്'..
അടുക്കളക്കോണിലിട്ടിരുന്ന മേശക്കടിയില്‍ നിന്ന് മേരി ഒരു സ്റ്റൂള്‍ വലിച്ച് എനിക്ക് ഇരിപ്പിടമൊരുക്കി... ഒരു കലത്തില്‍ കാപ്പിക്ക് വെള്ളമെടുത്തു സ്റ്റൌവില്‍ വച്ചു..
'ഇവിടെ ബയോഗ്യാസ്സാണ്, നാലു കറവപ്പശുവുണ്ട്, മൂന്നു കിടാവും.. ഇങ്ങോട്ടു വന്നപ്പോള്‍ മഠം കണ്ടില്ലിയോ, പാല് അവിടെ കൊടുക്കും, ചാണകം കലക്കി ഗ്യാസ് എടുക്കും.. നല്ല പാലും, മോരും തൈരും ഇവിടെ എപ്പഴും കാണും'..

മേരി ഭിത്തിയലമാരയില്‍ നിന്ന് ഒരു ടിന്‍ എടുത്തു തുറന്നു, കായ വറുത്തത് രണ്ടു സ്റ്റീല്‍ പ്ലേറ്റുകളില്‍ നിരത്തി.. ഒരെണ്ണം എന്‍റെ മുന്നിലേക്ക്‌ വച്ചു. മറ്റേ പ്ലേറ്റ് എല്‍സിയുടെ
നേരെ നീട്ടി.. 'ഇത് മുന്‍ വശത്തോട്ട് കൊടുക്ക്‌..'
എല്‍സി അതുമായി സിറ്റൌട്ടിലേക്ക് നടന്നു..
'എല്‍സിക്ക് വരുന്ന മീനത്തില്‍ ഇരുപത്തിയെട്ടു തികയും, ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്, അവരു ചോദിക്കുന്ന കാശൊക്കുന്നില്ല.. കാപ്പിക്കും കുരുമുളകിനുമൊന്നും ഇപ്പം വിലയില്ലല്ലോ.. എല്‍സിയെ കെട്ടിക്കണം അതാ പ്രധാനമായിട്ടും ഈ വസ്തു
വില്‍ക്കാമെന്ന് തീരുമാനിച്ചത്’..

വെള്ളം തിളച്ചു.. മേരി ചെറിയൊരു ചില്ലുകുപ്പി എടുത്തു..
'ഇവിടെ പൊടിച്ച കാപ്പിയാ, ഞാനിതില്‍ കുറച്ചു ഏലക്കയും ചുക്കും കൂടെ ഇടും'.. മേരി കാപ്പി തിളപ്പിച്ചിറക്കി. എല്‍സി സ്റ്റോര്‍മുറിയില്‍‍ നിന്നും ഒരു പടല പഴം എടുത്തു കൊണ്ട് വന്നു പാത്രത്തില്‍ വച്ചു.. ട്രേയില്‍ ഗ്ലാസ്സുകള്‍ നിരത്തി പാല്‍ക്കാപ്പി പകര്‍ന്നു.. അതുമായി വീണ്ടും മുന്‍വശത്തേക്ക് പോയി..
കാപ്പിയും മൂന്നാലു പഴവും എനിക്കും തന്നു

മേരി ഒരു സ്റ്റീല്‍ ഗ്ളാസ്സില്‍ പാലെടുത്ത് പഞ്ചസാരയിട്ടിളക്കി, ഭരണിയില്‍ നിന്നും രണ്ട് ഉണ്ണിയപ്പം എടുത്തു ഒരു ചെറിയ പാത്രത്തില്‍ വച്ചു..
"കൊച്ച് എന്തിയേ? കളിക്കുവാരിക്കും.. എല്‍സിയേ നീ അതിനെ ഇങ്ങോട്ടു വിളിക്ക് .. ഇവിടെ ഇന്നലെ മഠത്തിലമ്മമാരുടെ പ്രാര്‍ഥനയുണ്ടായിരുന്നു, അതിനുണ്ടാക്കിയതാ ഉണ്ണിയപ്പം, ഇതേ ബാക്കിയുള്ളൂ..
എല്‍സി കിത്തുവിനുള്ള പാലും ഉണ്ണിയപ്പവുമായി മുറ്റത്തേക്കു പോയി..

മേരി ഒരു സ്റ്റൂള്‍ വലിച്ച് മേശയുടെ അപ്പുറമിരുന്നു..
'എന്താ പേര്..?
ഞാന്‍ പേര് പറഞ്ഞു..
'ദുബായിലാണോ ജോലി?'
'അതെ'
'നെഴ്സാണോ?'
'അല്ല'
'എന്‍റെ അനിയത്തി ജെര്‍മനിയില്‍ നേഴ്സാ.. ഞങ്ങളുടെ അപ്പന്‍ പണ്ട് തെക്ക് നിന്ന് കുടിയേറി പോന്നതാ, കുടുംബക്കാരൊക്കെ അങ്ങു റാന്നിയിലും തിരുവല്ലായിലുമാ.. ഇവിടെ ഞങ്ങള്‍ കുറെ പേരുണ്ട്..അന്നിവിടെ കാടാണ്, ഇവിടം വെറും
പൊന്തക്കാടായിരുന്നു, അച്ചായനും ഞാനും മൂന്നാലു പണിക്കാരും കൂടെ എല്ലാം വെട്ടിത്തെളിച്ചു കൃഷി തുടങ്ങി, കാപ്പിക്കും കുരുമുളകിനും വിലയുണ്ടായ കാലത്ത് വച്ച വീടാ ഇത്.. ഇപ്പോള്‍ ഒന്നിനും വിലയില്ല.. ചെലവു കഴിയാനും, അടുത്ത കൃഷിപ്പണി നടത്താനുമുള്ളതും കിട്ടും.."
എല്‍സി പുറത്തു നിന്നും കയറി വന്നു..
'ഇവളുടെ കാര്യത്തിലേ വിഷമമുള്ളൂ.." മേരി ഒന്ന് നെടുവീര്‍പ്പിട്ടു..

എല്‍സി വാതിലിനരികെ കേട്ട് നിന്നു; മിനുസപ്പെടുത്താത്ത കളിമണ്‍ ശില്‍പം പോലെ അവളുടെ മുഖം വികാരരഹിതമായിരുന്നു

ഇതേവരെ ഞാന്‍ എല്‍സിയുടെ ശബ്ദം കേട്ടില്ല..

'എല്‍സിക്ക് ഇവിടെ അടുത്ത് കൂട്ടുകാരുണ്ടോ? അയല്പക്കമെന്നു പറയാന്‍ വീടുകളൊന്നും കാണുന്നില്ല'.
'ഞാന്‍ മിക്കവാറും ദിവസം മഠത്തില്‍ പോകും' പതിഞ്ഞ, മൃദുവായ സ്വരത്തില്‍ എല്‍സി പറഞ്ഞു..
'അവിടെ കുറച്ചു പെണ്‍കുട്ടികളുണ്ട്, അവരെ തയ്യലും എംബ്രോയിഡറിയും പഠിപ്പിക്കുന്നുണ്ട്, ഞാനും അതിനു കൂടും"..
‘എല്‍സി നന്നായി തയ്ക്കും' മേരി എന്നെ അടുത്ത മുറിയിലേക്ക് കൂട്ടി. തടിപ്പെട്ടി തുറന്ന് മനോഹരമായി തുന്നല്‍വേലകള്‍ ചെയ്ത തൂവാലകളും മേശവിരികളും കാണിച്ചു.. അതില്‍ നിന്നും ചിത്രശലഭങ്ങളെ തുന്നിയ തൂവാല മടക്കി എല്‍സി എനിക്കു തന്നു..
'നന്നായിരിക്കുന്നു’..
എന്‍റെ വാക്കുകള്‍ കേട്ട് എല്‍സിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

മുന്‍വശത്തേക്ക് ചെന്നു; അവിടെ മറ്റുള്ളവര്‍ പറമ്പ് ചുറ്റിനടന്നു കാണാന്‍ തുടങ്ങുകയായിരുന്നു. കിത്തു മുറ്റത്തേക്കു ചാഞ്ഞ മാവിന്‍കൊമ്പില്‍ ഞാന്ന് ഊഞ്ഞാലാടുന്നു, എല്‍സി അവനെ എടുത്ത് മേലെ കൊമ്പില്‍ ഇരുത്തി.

അവരാച്ചന്‍റെ പിന്നാലെ കൃഷിത്തോട്ടത്തിലൂടെ നടന്നു; ഓരോ ഇതളിലും ഇലയിലും അവര്‍ ഓരോരുത്തരുടെയും വിരല്‍പ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു
'രാസവളം ഒന്നുമില്ല, ചാണകവും കമ്പോസ്റ്റും മാത്രമാണ്, പുഴുവിന് പുകയിലക്കഷായം
തളിക്കും.. ദാ, ആ കാണുന്നത് ഓറഞ്ചുമരമാണ്, നാരങ്ങയുടെ വലുപ്പമേ കായക്കുള്ളൂ, പക്ഷെ നല്ല മധുരമാണ്” അവരാച്ചന്‍ കൂടെ നടന്നു.

"അവരാച്ചായന്‍ ഇവിടുത്തെ ജൈവ കൃഷിയുടെ ആളാണ്‌. കുറച്ചു നാള്‍ മുന്‍പ് ഹൈദെരാബാദില്‍ നിന്നും ഓഫീസര്‍മാര്‍ വന്ന് ഇവിടുത്തെ കാര്യമൊക്കെ നോക്കി പോയി. ഈ നില്‍ക്കുന്ന  പേര, ജാമ്പ എല്ലാത്തിന്‍റെയും സാമ്പിളും കൊണ്ട് പോയി" പോള്‍ ഞങ്ങളെ ധരിപ്പിച്ചു..

അവരാച്ചന്‍ തിരിഞ്ഞു നിന്നു.. “ആഹാരത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു വിഷമവുമില്ല വേണ്ടുന്നതെല്ലാം ഇവിടുന്നു കിട്ടും”..
ചുറ്റും നോക്കി.. ശരിയാണ്.. ഇവിടെ ഇല്ലാത്തതൊന്നുമില്ല..
കരയാമ്പൂവന്‍റെ കുടം കയ്യിലിട്ടു തിരുമ്മി മണപ്പിച്ചു കൊണ്ട് അവരാച്ചന്‍ തുടര്‍ന്നു .. “പക്ഷെ അത് കൊണ്ട് മാത്രം ജീവിതം തീരുന്നില്ലല്ലോ” ..
പറമ്പിന്‍റെ ഒരതിര് ചെന്ന് തൊടുന്നത് വയലിലാണ്, അതോടു ചേര്‍ന്ന് ഒരു കുളവും
തിളങ്ങുന്ന മീനുകളും.. അഞ്ചേക്കര്‍ പുരയിടവും വയലും എല്ലാം നല്‍കുന്ന കാമധേനുവിനെപ്പോലെ സൗമ്യയായി ചുറ്റും പടര്‍ന്നു കിടന്നു...

'സൂക്ഷിച്ച്'.. അവരാച്ചന്‍റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി..
ഒരു വൃദ്ധനും വൃദ്ധയും വടികളൂന്നി പതിയെ നടന്നടുക്കുന്നു..
'എന്‍റെ വല്യപ്പനും വല്യമ്മയുമാണ്'..
അവര്‍ പറമ്പിലെ വെള്ളമൊഴുക്കാനുള്ള ചാലിനപ്പുറം വന്നു നിന്നു, ഇപ്പുറം കടക്കാന്‍ അവരാച്ചന്‍ അവരെ സഹായിച്ചു..
അവര്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു, മെല്ലെ നടപ്പ് തുടര്‍ന്നു..
'അപ്പന്‍റെ മൂത്ത ചേട്ടനും ഭാര്യയുമാണ്, ആ തിട്ടയ്ക്ക് അപ്പുറത്താണ് വീട്'.. കുറച്ചപ്പുറത്തുള്ള മണ്‍കൂനക്ക് നേരെ അവരാച്ചന്‍ വിരല്‍ ചൂണ്ടി..
'മക്കളൊക്കെ ദൂരെയാ, അവര്‍ക്ക് കൃഷിയും ഒന്നും വേണ്ട. ഇവിടം വിട്ടു പട്ടണത്തില്‍ പോകാന്‍ ഇവര്‍ക്ക് താല്പര്യമില്ല. രണ്ടുപേരും കൂടെ രാവിലെ കുറച്ചു കഞ്ഞി വയ്ക്കും, കൂട്ടാനും കറിയും മേരി കൊണ്ടു കൊടുക്കും, രാത്രി കിടക്കുന്നതിനു മുന്‍പ് ഞാന്‍ ചെന്ന് നോക്കിയിട്ടു പോരും.. വല്യപ്പന് തൊണ്ണൂറ് കഴിഞ്ഞു, വല്യമ്മക്കും ഏതാണ്ട് അത്രയുമായി.. പകലൊക്കെ അവരിവിടെ നടന്നു സമയം കഴിക്കും'..

ഏതൊക്കെയോ കുറേ മണ്‍കൂനകള്‍ ഹൃദയത്തില്‍ തടഞ്ഞതു പോലെ..

അവരിരുവരും തമ്മില്‍ എന്തെല്ലമോ പറഞ്ഞു കൊണ്ട്‌ തോട്ടത്തിലൂടെ പതിയെ നടന്നു.. വല്യപ്പന്‍ ഓരോ ചെടിയുടെയും അടുത്ത് നിന്ന് അതിന്‍റെ ഇലയിലും പൂവിലും തലോടി..

ഞങ്ങള്‍ തിരികെ വീട്ടുമുറ്റത്തു വന്നു.. മേരിയും എല്‍സിയും ഊണ് കഴിഞ്ഞു പോയാല്‍ മതിയെന്ന് നിര്‍ബന്ധിച്ചു, ഇനിയൊരിക്കല്‍ ആകാമെന്ന് പറഞ്ഞ് പോരാനിറങ്ങി. മേരി പെട്ടെന്ന് അകത്തു പോയി കുറച്ചു പഴം ഒരു കടലാസ്സില്‍ പൊതിഞ്ഞു കൊണ്ടു വന്ന് അവരാച്ചനെ ഏല്‍പ്പിച്ചു, അവരാച്ചന്‍ അത് വണ്ടിയില്‍ കൊണ്ട്‌ വച്ചു..
മേരി എന്‍റെ കയ്യില്‍ പിടിച്ചു.. 'ഇനിയും വരണം, ഇതു വിറ്റില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെത്തന്നെ കാണും'..
മേരിയും എല്‍സിയും വണ്ടിക്കടുത്തേക്ക് വന്നു.. അവര്‍ ഞങ്ങളെ കൈ വീശി യാത്രയാക്കി.. കുരിശടിയുടെ അടുത്തുള്ള പടവുകളില്‍ മൂന്നാല് കന്യാസ്ത്രീകള്‍ നില്‍ക്കുന്നത്‌ കണ്ടു..
കിത്തു കളിയുടെ ക്ഷീണത്തില്‍ ഉറങ്ങിത്തുടങ്ങി..
സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണടച്ചു..

ഹൃദയത്തിന്‍റെ പാതി വാതിലില്‍ ചാരി എല്‍സി നിന്നു, അപൂര്‍ണമായൊരു കളിമണ്‍ ശില്‍പം പോലെ..

ഞങ്ങള്‍ ദുബായ്ക്ക് മടങ്ങി.

കുറച്ചു മാസങ്ങള്‍ക്കു ശേഷം ഫോണ്‍ ചെയ്തപ്പോള്‍, അവരാച്ചന്‍റെ വസ്തു കച്ചവടമായെന്നും അടിവാരത്ത് ഒരു വാടക വീട്ടില്‍ അവര്‍ താമസമായെന്നും പോള്‍ പറഞ്ഞു.. സാമും ബെന്നിയും ചേര്‍ന്ന് ഒരു ഫാസ്റ്റ്ഫുഡ്‌ കട തുടങ്ങി.. എല്‍സിയുടെ കല്യാണവും ഉറച്ചിരിക്കുകയാണ്..

ഞാന്‍ വല്യപ്പന്‍റെയും വല്യമ്മയുടെയും വിവരം തിരക്കി, അവരെക്കുറിച്ചൊന്നും പോളിന് അറിയുമായിരുന്നില്ല..

*****************************