Saturday, December 4, 2010

കന്യാവനത്തിലെ നീലാമ്പല്‍ക്കുരുന്ന്


'വാഹനങ്ങള്‍ ഇവിടെ നിര്‍ത്തുക' എന്ന് ബോര്‍ഡ് തൂക്കിയ ഇളം നീലച്ചായമടിച്ച ഇരുമ്പുഗേറ്റിനും, ഒന്നരയാള്‍ പൊക്കമുള്ള കരിങ്കല്‍മതിലിനു പുറത്തേക്കു ചാഞ്ഞു പൂവിട്ട വെള്ള മന്ദാരത്തിനും ഒരു മാറ്റവുമില്ല.
അകത്തു നിന്നും ചങ്ങലയും താഴുമിട്ടു പൂട്ടിയിരിക്കുകയാണ്; ശനിയും ഞായറും അവധിദിവസങ്ങളിലും മുഴുവന്‍ സമയവും പൂട്ടിത്തന്നെ കിടക്കും, അല്ലാത്തപ്പോള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ ഗേറ്റിലെ ചെറിയ വാതില്‍ തുറന്നിരിക്കും.  അരമനയില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ മാത്രമേ ഇരുമ്പു പാളികള്‍ മുഴുവനായി തുറക്കാറുള്ളൂ. ഇടത്തേക്കോണിലെ കിളിവാതിലിലൂടെ നീണ്ടു കിടന്ന ചരടില്‍ പിടിച്ചു വലിച്ചു, അകത്തു മേടയില്‍ മണി മുഴങ്ങി..
അല്പം കഴിഞ്ഞപ്പോള്‍ കിളിവാതിലിനപ്പുറം രണ്ടു കണ്ണുകള്‍ പ്രത്യക്ഷപ്പെട്ടു..

'ആരാ?

'എന്‍റെ പേര് ശാന്തിനി, മുന്‍പിവിടെ പഠിച്ചിരുന്നു..

'മുന്‍പെന്നു പറഞ്ഞാല്‍?

'ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ്..

'എന്താ കാര്യം?

'മദറിനെ കാണാന്‍ വന്നതാ..

'നേരത്തെ പറഞ്ഞതാണോ?

'അല്ല..

'താമസിക്കും...

'സാരമില്ല..

താഴും ചങ്ങലയും ഇളകുന്ന ശബ്ദം.. ചെറിയ വാതിലിലൂടെ കുനിഞ്ഞ് അകത്തു കടന്നു.

വെണ്‍മണല്‍ പാകിയ വിശാലമായ മുറ്റത്തിന്‍റെ അങ്ങേയറ്റത്ത്‌, പുഞ്ചിരിയോടെ, വിശുദ്ധ മാതാവിന്‍റെ തിരുരൂപം ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നു..

ബോര്‍ഡിങ്ങിലേക്കുള്ള പടിക്കെട്ടിലും ചുറ്റിനും മഞ്ഞക്കടമ്പിന്‍റെ കനത്ത പൂമെത്ത.. മുറ്റത്തിന്‍റെ ഒരരികില്‍, നീളത്തില്‍, ഒരുപാട് നിറങ്ങളിലുള്ള ചെമ്പരത്തിയും ഡാലിയയും..
ഓഫീസ്മുറിക്കു മേലേക്ക് ബോഗെന്‍വില്ലയുടെ ഇളം ചുവപ്പു വസന്തം...  വെള്ളച്ചുവരുകള്‍ക്കും നീല കതകിനും ജനലിനും പഴയ അതേ സൗമ്യതയും പ്രസരിപ്പും  ..

എന്‍റെ കുതൂഹല കൌമാരം തുടുത്തതും നനുത്തതും ഇവിടെയായിരുന്നു.. എനിക്ക് ഞാനാകാന്‍ അണിവിത്ത്‌ തന്നതും ഇവിടമായിരുന്നു...

ഗേറ്റ് തുറന്നു തന്ന സ്ത്രീ ഒപ്പമുണ്ട്..

'പേരെന്താ.?

'ആനിയമ്മ

'വീടെവിടെയ?

'പള്ളിത്താഴത്ത്

'എത്ര കാലമായി ഇവിടെ?

'കൊല്ലം പത്തു പന്ത്രണ്ടായിക്കാണും.. ആരാ ഇതൊക്കെ ഓര്‍ത്തു വയ്ക്കുന്നത്. കൊച്ചിന്‍റെ  വീടോ?

'കാഞ്ഞിരത്തുംമൂട്ടില്.. 

'ആഹാ.. ഇവിടടുത്താണല്ലോ, എന്നിട്ടിതുവരെ ഇങ്ങോട്ടൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല

'ഞാന്‍ ബംഗ്ളൂരിലാണ് താമസം..

'ഇപ്പം അമ്മയെ കാണാന്‍ മാത്രമായിട്ടു വന്നതാണോ..?

'അതെ

‘ഇന്നേ, ധ്യാനമുള്ള ദിവസമാ, കൊച്ച്  വിസിറ്റിംഗ്റൂമിലോട്ടിരിക്ക്.. ഇവിടൊക്കെ അറിയാവുന്നതു കൊണ്ട് ഞാന്‍ കൂടെ വരണ്ടായല്ലോ, ഞാനേ അടുക്കളെലോട്ടു ചെല്ലട്ടെ.. ബോര്‍ഡിങ്ങിലെ പിള്ളേര് അവധിക്കു പോയെങ്കിലും മഠത്തിലെല്ലാരുമുണ്ട്..

ആനിയമ്മ ചാപ്പലിന്‍റെ വലത്തേ വരാന്തയിലൂടെ മഠത്തിന്‍റെ ഇടനാഴിയിലേക്ക്‌ തിരിഞ്ഞു മറഞ്ഞു.. ഇടത്തേ വരാന്തയോട് ചേര്‍ന്ന തളമാണ്‌ വിസിറ്റേഴ്സ്റൂം, റൂമിന്‍റെ മറ്റേ വശത്ത്  ക്ലാസ്സ്‌ മുറികളുടെ വരാന്ത അവസാനിക്കുന്നു..

 വിസിറ്റേഴ്സ് റൂമിന് മാറ്റമൊന്നുമില്ല; നാല് കസേരകള്‍, രണ്ടു സെറ്റികള്‍ ടീപ്പോയിലെ കണ്ണാടിപ്പാത്രത്തിലെ വെള്ളത്തില്‍ ഇറുത്തിട്ട റോസാപ്പൂക്കള്‍...
ആപ്ലിക് വര്‍ക്ക്  ചെയ്ത കുഷന്‍കവറുകള്‍ മാത്രം വേറെയാണ്

കുളത്തിനോട്‌ ചേര്‍ന്നുള്ള അരമതില്‍ക്കെട്ടിലിരുന്നു..

ശരിക്കുള്ള കുളമല്ല.. സാമാന്യം വലുപ്പമുള്ള ഒരു ടാങ്ക് ആയിരുന്നു, മീനച്ചിലാറ്റിലെ ഉരുളന്‍ പാറകളും പരല്‍ക്കല്ലുകളും വച്ച് അതിനെ വാട്ടര്‍സ്കേപ്പ് ചെയ്തത് ഒന്‍പതിലെ ഓണപ്പരീക്ഷയുടെ അവധിക്കാണ്. അന്നത്തെ തീം അല്ല ഇപ്പോള്‍, പക്ഷെ രസമുണ്ട്
കാണാന്‍..

ആനിയമ്മ നീളന്‍ ഗ്ലാസില്‍ നാരങ്ങാ വെള്ളവുമായി വന്നു..

'ഞാന്‍ അകത്തു പറഞ്ഞിട്ടുണ്ട്..

'അടുക്കളയില്‍ ഇപ്പോള്‍ പണ്ടത്തെ ആരെങ്കിലുമുണ്ടോ? വെളുത്തചേടത്തിയോ കറുത്തചേടത്തിയോ ആരെങ്കിലും?

'വെളുത്തത് മൂന്നു കൊല്ലം മുന്‍പ് കര്‍ത്താവിങ്കലേക്കു പോയി, ഇവിടെത്തന്നെയായിരുന്നു ഒടുക്കം വരെ; കറുത്തതിന് ഒട്ടും മേലാതിരിക്കുവാ, ഇപ്പം മൂത്ത കൊച്ചിന്‍റെ കൂടാ, അങ്ങ് മുണ്ടക്കയത്ത്‌, ഇവിടുന്നു അമ്മമാര് ഇന്നാളില്‍ കാണാന്‍ പോയാരുന്നു.. കൊച്ചിത്രേം കാലമായിട്ടും ആരേം മറന്നിട്ടില്ല അല്ല്യോ..?? പിന്നേ, ഇന്നിവിടെ എല്ലാര്‍ക്കും ഉച്ചക്ക് കഞ്ഞിയാ..കൊച്ചിന് ചോറ് വേണേല്‍ ഉണ്ടാക്കാം. 

‘എല്ലാര്‍ക്കുമുള്ളത് മതി..

'കൊച്ചിവിടെ ചുമ്മാ ഇരിക്കാതെ ചാപ്പലിലോട്ടു കേറി മുട്ട് കുത്ത്.. അതോ വായിക്കാന്‍ വല്ലതും വേണോ?

‘ഒന്നും വേണ്ട..ഞാനിവിടെ ഇരുന്നോളാം.. ധ്യാനം കഴിയട്ടെ   

ആനിയമ്മ പോയി.

കുളത്തില്‍ ഓളം തട്ടുന്നത് നോക്കിയിരുന്നു..

പണ്ടിതില്‍ ഒരു ആമ്പലുണ്ടായിരുന്നു, സിസ്റ്റര്‍ റോസിലിയുടെ നീലാമ്പല്‍..

എഴുന്നേറ്റു ക്ലാസ്സ്‌ വരാന്തയിലൂടെ നടന്നു... 

എയിറ്റ്  ബി  -- നയന്‍ ബി  ---
വരാന്തയുടെ അറ്റത്ത്‌ ഗേറ്റിനടുത്താണ് ടെന്‍ ബി...

മുടി രണ്ടായി പിന്നിയിട്ട്, നീല നീളന്‍പാവാടയും വെള്ള ഷര്‍ട്ടും ഇട്ട ഒരുപാട് പെണ്‍കുട്ടികള്‍ വരാന്തയിലും, ക്ലാസ്സിലും, മുറ്റത്തും.. നാളെ മുതലാണ് സ്പോര്‍ട്സ്ഡേ .. 

ടെന്‍ ബിയുടെ മുന്നിലെ സീക്രെട്ട്മൂലയില്‍ ഫേമസ് ഫൈവ് അല്‍പം ഒടക്ക് മൂഡിലാണ്

'മാതാവാണെ സത്യം, അവളെ ഞാന്‍ തട്ടും..

'നീയെന്നാ ചെയ്യുമെന്നാ..?? ചുമ്മാ പുളുവടിക്കാതെ..

'നീയെന്നെ ഒന്ന് സപ്പോര്‍ട്ട് ചെയ്തെ... - ആന്‍മേരി ശാന്തിനിയുടെ കയ്യില്‍ തോണ്ടി..സ്റെല്ല അത് കണ്ടു..

'ദേ,  ഇവള് പറയുന്നത് കേട്ട് നീ വെറുതെ തുള്ളല്ലേ..

'യ്യോ... ഒന്ന് നിര്‍ത്ത്... സമാധാനത്തിന്‍റെ പത്തക്കോലുമായി ഞാനിവിടെ നില്‍ക്കുന്നത് മാലാഖമക്കളേ നിങ്ങള്‍ കാണുന്നില്ലേ..?? -- മറീന ഒരു സ്കയിലും ഏന്തി മുന്നില്‍ വന്നു.. 'എന്താ, എന്താ പ്രശ്നം..പറയൂ..'

'പ്രശ്നമൊന്നുമില്ല... ഇത്തവണ വോളിബോള്‍ ക്യാപ്റ്റന്‍ മറ്റേ അവള് മതിയോ എന്ന് ശശാങ്കന്‍സാര്‍ കുറച്ചു മുന്‍പേ ലിസയോടു ചോദിച്ചു..

‘അയാള്‍  അങ്ങനെ ചോദിച്ചോ..' മറീന പാവാട മടക്കിക്കുത്തി.. 'എടീ മോളെ, വിടരുത്.. ഇവിടത്തെ ക്യാപ്റ്റന്‍ ലിസമേരിഈപ്പന്‍ അല്ലാതെ വേറെ ആരുമല്ല..സമാധാനത്തിന്‍റെ പത്തക്കോല്‍ ഞാനിതാ തിരിച്ചേല്‍പ്പിക്കുന്നു പിതാവേ..'.. മറീന സ്കയില്‍ മടക്കിക്കുത്തിനുള്ളിലേക്കിട്ടു..

'നിങ്ങള് ചുമ്മാ പ്രശ്നമാക്കുവാ.. സ്റെല്ല ഇടയ്ക്കു കയറി..

'അതേ..പ്രശ്നം ആക്കുക തന്നെയാ.. സ്റെല്ലക്കൊച്ചമ്മക്ക് പരാതിയുണ്ടേല്‍ കൊണ്ട് പോയി കേസ് കൊടുക്ക്‌.. ചുമ്മാ അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ വരല്ലേ, എന്‍റെ സ്വഭാവം മാറും’..

'ലിസക്ക് പ്രശ്നമൊന്നുമില്ലല്ലോ, പിന്നെ നിങ്ങള്‍ക്കെന്താ.. സ്റെല്ല തര്ക്കിച്ചു,  മറീന സ്റെല്ലയുടെ കാല്‍വണ്ണക്ക് തൊഴിച്ചു.. സ്റെല്ല തിരിച്ചും 

'ഇതെന്നതാന്നെ, നിങ്ങള് അടിയിട്ടെന്നാ നേടാനാ..? ആന്‍ സ്റെല്ലയെ പിടിച്ചു മാറ്റി.. 

'ലിസ തന്നെ വേണം, പക്ഷെ എങ്ങനെയാ? .. മറീന അരമതിലില്‍ കാലും നീട്ടിയിരിക്കുന്ന ശാന്തിനിയുടെ തോളില്‍ കൈകുത്തി ചോദിച്ചു..  

'നമുക്ക് സിസ്റ്റര്‍ റോസിലിയെ ഒന്ന് മുട്ടാം, പുള്ളിക്കാരി പറഞ്ഞാല്‍ നടക്കും, സാറ് പിന്നൊന്നും പറയില്ല ..'

'പക്ഷെ പുള്ളിക്കാരി പറയുമോ?

'പറയിപ്പിക്കാന്‍ നോക്കാം.. 

അധികമൊന്നും നോക്കേണ്ടി വന്നില്ല.. വരാന്തയിലെ ഗുസ്തി സിസ്റ്റര്‍ ഓഫീസില്‍ നിന്നു കണ്ടിരുന്നു..

'ഷേര്‍ലിയോട് നിങ്ങള്‍ക്കെന്താ ഇത്ര വിരോധം? 

'വിരോധമൊന്നുമില്ല, അവള്‍ ഞങ്ങളെക്കാള്‍ കേമിയാകണ്ട.. 

'പഠിത്തത്തിലും കാണിക്കണം ഈ കേമത്തം..ഏതായാലും ഞാന്‍ പക്ഷം പിടിക്കാനില്ല.. മദര്‍ അറിഞ്ഞാല്‍ എന്നെ വഴക്ക് പറയും..

'എന്നാല്‍, ശശാങ്കന്‍ സാറുമായി ഞങ്ങളെ ഒന്ന് മുട്ടിക്ക്..

'എനിക്കതല്ലേ പണി... സിസ്റ്റര്‍ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു..  

ഫേമസ് ഫൈവ് തല കുത്തി നിന്നാലോചിചെങ്കിലും ഒരു വഴിയും തെളിഞ്ഞില്ല. പിറ്റേന്ന്  ഷേര്‍ലിഎല്‍സാകുരുവിളയുടെ ടീമില്‍ ലിസ കളിച്ചു, ടീം ജയിച്ചു. ആനും സ്റെല്ലയും മറീനയും
ശാന്തിനിയും പവലിയനിലിരുന്നു ആര്‍പ്പു വിളിച്ചു.. 

പിറ്റേന്ന് സിസ്റ്റര്‍ റോസിലി ഷേര്‍ലിയുടെ കയ്യില്‍ ആന്‍മേരിക്ക് കൊടുക്കാന്‍ കുറച്ചു സ്വീറ്സ് ഏല്‍പ്പിച്ചു, ഫേമസ് ഫൈവ് അത് ഷേര്‍ലിയുമായി പങ്കിട്ടു അതോടെ മെല്ലെ മെല്ലെ മഞ്ഞുരുകിത്തുടങ്ങുകയും ചെയ്തു. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’  കാണിക്കാന്‍ സ്കൂളില്‍ നിന്ന്  കോട്ടയത്ത്  അനുപമയില്കൊണ്ട് പോയപ്പോള്‍ ബസ്സിലെ സൈഡ് സീറ്റിനു വേണ്ടി ഉണ്ടായ
സൗന്ദര്യപ്പിണക്കമാണ് ഷേര്‍ലിയോട്. അത് ഇപ്പോള്‍ തീര്‍ന്നു..  
  
സിസ്റ്ററിനു അവരെക്കാള്‍ പതിനൊന്നു വയസ്സ് കൂടുതല്‍ കാണും. പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ മഠത്തില്‍ ചേര്‍ത്തതാണ്, അത്ര നേരത്തെ വിടേണ്ട കാര്യമില്ല, പക്ഷെ  സിസ്റ്ററിന്‍റെ അപ്പച്ചന് നിര്‍ബന്ധമായിരുന്നു, അങ്ങനെ അരമനയില്‍ പ്രത്യേകം പറഞ്ഞിട്ടാണ് അത്ര ചെറുതിലേ മഠത്തില്‍ വിട്ടത്.  അവരുടെ കുടുംബത്തില്‍ നിന്നും കുറെ തിരുമേനിമാരും അച്ചന്മാരും കന്യാസ്ത്രീകളും ഉണ്ട്. വല്യ പണക്കാരും തറവാട്ടുകാരുമാണ്. മറീനയുടെ  ഉപ്പാപ്പന്‍റെ ഭാര്യ, വെല്ലൂരെ ഗൈനക്കോളജി പ്രൊഫസര്‍, ഡോക്ടര്‍ രേണു മാത്യുവിന്‍റെ കുഞ്ഞമ്മയുടെ മകളാണ് സിസ്റ്റര്‍ റോസിലി.

സിസ്റ്റര്‍ ഫേമസ്ഫൈവിനോട് നല്ല കൂട്ടാണ്‌, മറ്റു കന്യാസ്ത്രീകളെപ്പോലെയല്ല. കോളേജില്‍ പഠിച്ച കാലത്തെ രസങ്ങള്‍ ഒക്കെ അവരോടു പറയും; പറഞ്ഞു പറഞ്ഞു പിന്നെയും അതില്‍ ജീവിക്കും പോലെ. ഫേമസ് ഫൈവിനോട് മാത്രമേയുള്ളൂ ഈ കൂട്ട്, അതും മറീനയുടെ ബന്ധം കൊണ്ടുള്ള സ്വാതന്ത്ര്യമാണ്.

സിസ്റ്ററിനു ശരിക്കും കന്യാസ്ത്രീയാകാന്‍ ഇഷ്ടമായിരുന്നോ എന്നാണ് സംശയം..  

ഡിഗ്രിക്ക് മിക്സെഡ് കോളേജില്‍ തിരുവസ്ത്രവും ഇട്ടാണ് പോയത്, അവിടെ ചുറ്റുമുള്ളവര്‍ പ്രണയിച്ചു നടക്കുമ്പോള്‍ സിസ്റ്റര്‍ ഇടവും വലവും നോക്കാതെ തല കുനിച്ചു ക്ലാസ്സില്‍   പോവുകയും വരികയും  ചെയ്യും, എങ്കിലും അന്ന് ചിലര്‍ സിസ്റ്ററിനു നേരെയും പ്രേമലേഖനം നീട്ടുകയും, പിന്നാലെ നടന്നു മൂളിപ്പാട്ട്  പാടുകയും  ചെയ്തിട്ടുണ്ട്.

'പ്രേമിക്കാന്‍ മേലാരുന്നോ..? സ്റെല്ല ഒരിക്കല്‍ ചോദിച്ചു.. 

'കര്‍ത്താവിന്‍റെ മണവാട്ടി കര്‍ത്താവിനെയല്ലാതെ ആരെയും പ്രേമിക്കരുത്”.. എന്ന് പറഞ്ഞിട്ട് സിസ്റ്റര്‍ ഈണത്തില്‍ പാടി..

എന്‍ പ്രിയനെപ്പോള്‍ സുന്ദരനായിട്ടാരെയും ഞാന്‍ ഉലകില്‍,
കാണുന്നില്ല, മേലാലും ഞാന്‍ കാണുകയില്ലാ..
സുന്ദരനാം മനോഹരാ, നിന്നെ പിരിഞ്ഞീ ലോകയാത്ര
ചാരന്മാരാം ജാരന്മാരെ വരിക്കല്ലേ വത്സലാ..
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെന്‍ പ്രിയനോട് ചേരുവാന്‍
നാളുകള്‍ ഞാന്‍ എണ്ണിയെണ്ണി ജീവിച്ചിടുന്നേന്‍.".

പക്ഷെ ആ മനസ്സില്‍ ഒരുപാട് പ്രണയമുണ്ടായിരുന്നു.. 'വിന്ധ്യ ഹിമാലയങ്ങള്‍ക്കിടയില്‍' പഠിപ്പിക്കുമ്പോള്‍ ശിവ-പാര്‍വതി സംഗമം ലാസ്യഭംഗിയാര്‍ന്ന വര്‍ണനകളിലൂടെ ഹൃദയത്തിലേക്ക് ഇറ്റിച്ചു തരികയായിരുന്നു..

ഓരോ തുള്ളിയിലെയും പ്രണയം ശാന്തിനിയുടെ മനസ്സിലും തുളുമ്പി വീണു.. 
പ്രണയത്തിന്‍റെ ആ ആദ്യാക്ഷരങ്ങള്‍ ആഴത്തില്‍ പതിഞ്ഞു പോയത് കൊണ്ടാവും, ശാന്തിനിക്ക് സിസ്റ്ററിനോട് ഒരുപാടിഷ്ടം കൂടിയത്.. അത് കൊണ്ടായിരിക്കും ശശാങ്കന്‍സാറിനെ വെറുതെ നോക്കിനില്‍ക്കാനും ഇഷ്ടം തോന്നിച്ചത്..

ശശാങ്കന്‍സാര്‍ പുറത്തുള്ള ആളാണ്‌, വോളിബോള്‍ കോച്ച്. മുപ്പത്തഞ്ചു വയസ്സ് കാണും, അവിവാഹിതന്‍. ആള് തികഞ്ഞ അച്ചടക്കക്കാരനാണ്. അത്യാവശ്യത്തിനല്ലാത്ത വാക്കോ ചിരിയോ നോട്ടമോ പോലും ആരോടുമില്ല..  സ്കൂളിലെ കൈസഹായിയായിരുന്ന ജോസഫച്ചായന്‍ കഴിഞ്ഞ വര്‍ഷം കൊണ്ട് വന്നാക്കിയതാണ്. മദറിനും സിസ്റ്റര്‍മാര്‍ക്കും ടീച്ചര്‍മാര്‍ക്കും എല്ലാം സാറിനെ വലിയ കാര്യമാണ്.

അത് കൊണ്ടാണ് ലിസ പീരുമേട്ടില്‍ ട്രെക്കിംഗ് ക്യാമ്പിനു പോയപ്പോള്‍ കൂട്ടിനു സാറിനെയും വിടാന്‍ മദര്‍ തീരുമാനിച്ചത്. ലിസയുടെ പപ്പാ അന്ന് സ്ഥലത്തില്ല, ലിസയാണെങ്കില്‍ ബോര്‍ഡിങ്ങിലും. കൂട്ടിനു സിസ്റ്റര്‍ റോസിലിയെ അയക്കാനും അരമനയില്‍ നിന്ന്  അനുവാദമുണ്ടായിരുന്നു. ശാന്തിനിയും കൂട്ടായി പോയി.

രാവിലെ തന്നെ ലിസയുടെ ടാറ്റാഎസ്റ്റെറ്റില്‍ പീരുമേടിനു തിരിച്ചു. സിസ്റ്റര്‍ മുന്നി ലാണിരുന്നത്‌. യാത്ര തുടങ്ങി കുറച്ചു ചെന്നപ്പോള്‍ മുതല്‍ സാറും സിസ്റ്ററും കൂട്ടുകാരെപ്പോലെ നല്ല വര്‍ത്തമാനത്തിലായി. ഒരുപാടു വിഷയങ്ങള്‍ അവര്‍ക്കിടയില്‍ വന്നു പോയി. 
   
ഉച്ചയായി പീരുമേട്ടിലെത്തുമ്പോള്‍. ലിസയുടെ പപ്പാ കമ്പനി വക ഗസ്റ്റ്ഹൗസില്‍ എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. ഊണ് കഴിഞ്ഞു കുറെ നേരം കിടന്നുറങ്ങി; ഉണരുമ്പോള്‍ വെയില്‍ തീര്‍ത്തും മായാന്‍ തുടങ്ങുന്നു.. ലിസ അപ്പോഴും ഉറക്കമാണ്, സിസ്റ്ററിനെ മുറിയില്‍ കണ്ടില്ല. 

പുറത്തിറങ്ങി നോക്കി, സിസ്റ്ററും സാറും കൂടി ഗസ്റ്റ് ഹൗസിന്‍റെ അടുത്തുള്ള കുളക്കടവിലിരിക്കുന്നു.. അതില്‍ നിറച്ചും ആമ്പലാണ്.. വെള്ളയും നീലയും..  അങ്ങോട്ട്‌ ചെന്നു.. നേര്‍ത്ത സുന്ദരമായ സ്വരത്തില്‍  സിസ്റ്റര്‍ പാടുകയാണ്..  'നീലജലാശയത്തില്‍'' എന്ന പാട്ട്... അടുത്തു ചെന്നിരുന്നു, പാട്ട് നിര്‍ത്താതെ സിസ്റ്റര്‍ കയ്യില്‍ പിടിച്ചു ചേര്‍ത്തിരുത്തി... ആ തോളിലേക്ക് ചാഞ്ഞിരുന്നു പാട്ടു കേട്ടു... അല്ല, അതിലൊഴുകി..

കുറച്ചു നേരം കൂടി വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് സാര്‍ തന്‍റെ റൂമിലേക്ക്‌ പോയി, അത് വേറെ കെട്ടിടത്തിലാണ്.

സന്ധ്യക്ക് സിസ്റ്റര്‍ മേല്‍കഴുകി, നൈറ്റ്‌ ഗൌണ്‍ ഇട്ടു.. എന്ത് മുടിയാണ് സിസ്റ്ററിന്, നല്ല നീളത്തില്‍ ഒട്ടും ചുരുളില്ലാതെ..ലിസ അതില്‍ തലോടി.. 

'ഓ.. സില്‍ക്ക് പോലെ.. ഇതിങ്ങനെയാകാന്‍ എന്താ ചെയ്യുക?

‘ചീവക്കപ്പൊടി ഇട്ടു ആഴ്ചയില്‍ രണ്ടു തവണ കഴുകും

‘മഠത്തില്‍ അതൊക്കെ സമ്മതിക്കുമോ..?

സിസ്റ്റര്‍ ചിരിച്ചു... 'മഠം ജയിലൊന്നുമല്ല'..

സിസ്റ്ററും ലിസയും മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥിക്കാന്‍ മുട്ട് കുത്തി,
ശാന്തിനി അടുത്ത് ചമ്രം പടഞ്ഞിരുന്നു കൈകൂപ്പി..

പെട്ടെന്നാണ് കറണ്ട് പോയത്.. അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു.. ശാന്തിനി ജനല് തുറന്നു നോക്കി, സാറാണ്.. വാതില്‍ തുറന്നു..

'മെഴുകുതിരിയുണ്ടോ?

മെഴുകിതിരിക്കൂടില്‍ നിന്നും രണ്ടെണ്ണം എടുത്തു തിരികെ വരുമ്പോള്‍, സാര്‍ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുകയാണ്.. സാറിന്‍റെ ദൃഷ്ടി പോയിടത്തേക്ക് നോക്കി..

അരണ്ട വെളിച്ചത്തില്‍, ഇളം പിങ്ക് നിറമുള്ള ഗൌണില്‍, മുടിയഴിച്ചിട്ട വെണ്ണക്കല്‍ ശില്‍പം പോലെയുണ്ട് സിസ്റ്ററിനെ കാണാന്‍...
കണ്ണടച്ച് മുട്ട്കുത്തി നില്‍ക്കുന്ന മാലാഖയെപ്പോലെ..

മെഴുകുതിരി വാങ്ങി സാറ് പോയി.. പുറത്തു നേരിയ നിലാവും മഞ്ഞുമുണ്ടായിരുന്നു.. നിഴല്‍ പോലെ സാര്‍ അതില്‍ അലിയുന്നതും നോക്കി നിന്നു..

'മതി നോക്കിയത്' ..ലിസ കാതില്‍ മന്ത്രിച്ചപ്പോള്‍ ഞെട്ടി തിരിഞ്ഞു.. ഊറിയ പുഞ്ചിരിയോടെ കസേരയിലിരുന്നു സിസ്റ്റര്‍ കൈയ്യാട്ടി വിളിക്കുന്നു..

'എന്ത് പറ്റി..??’

'ഒന്നുമില്ല’..  യ്യോ.. ചമ്മിപ്പോയി.. സിസ്റ്ററിന് വല്ലതും തോന്നിക്കാണുമോ....

ക്യാമ്പിന്റെ ആദ്യ ദിവസം ലിസയുടെ ഒപ്പം കൂടി, സിസ്റ്റര്‍ വന്നില്ല.. സാര്‍ രാവിലെ തന്നെ പീരുമേട് ചുറ്റിക്കാണാന്‍ പോയിക്കഴിഞ്ഞിരിന്നു.. 

അന്ന് തിരിച്ചു പോരുമ്പോള്‍ സിസ്റ്റര്‍ അവിടെ നിന്നും ഒരു നീല ആമ്പല്‍വിത്ത് എടുത്തു.. ചെളികൂട്ടി പൊതിഞ്ഞു ഭദ്രമായി കാറില്‍ വച്ചു..

സ്കൂളിലെത്തി അതിനെ കുളത്തില്‍ നട്ടു..

'നമ്മുടെ ചൂട് കിട്ടിയാല്‍  ആമ്പല്‍ വേഗം പൂക്കും.. അടുക്കളയിലെ വെളുത്ത ചേടത്തി പറഞ്ഞു.. പിന്നെ എന്നും സിസ്റ്റര്‍ ഒഴിവു സമയം ഏറെയും ആമ്പലിനൊപ്പമായിരുന്നു.. ഫേമസ് ഫൈവും നീലാമ്പല്‍ പൂക്കാന്‍ കാത്തിരുന്നു..

പത്താം ക്ലാസ്സിലെ പഠിത്തച്ചൂടിന്‍റെ ദിവസങ്ങളായിരുന്നു തൊട്ടു പിന്നാലെ.. സെക്കന്റ് ടേം തീര്‍ന്നിരുന്നു.. തേര്‍ഡ് ടേമില്‍ മുഴുവന്‍ റിവിഷനും മോഡല്‍എക്സാമും മാത്രമേയുള്ളൂ..

ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂള്‍ തുറന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് സാറിന്‍റെ കല്യാണമായെന്നു കേട്ടത്.. പെണ്‍കുട്ടിയുടെ അച്ഛന് ഗള്‍ഫില്‍ ബിസിനസ്സാണ് സാറിനെക്കൂടി കൊണ്ടുപോകും..

പഠിത്തത്തിനിടയിലും സാറിന്‍റെ ഹണിമൂണ്‍ ആയിരുന്നു വിഷയം.. ഭാവനകള്‍ കുഞ്ഞിന്‍റെ ഇരുപത്തെട്ടുകെട്ട് വരെയെത്തി..

'കുഞ്ഞ് ആണോ പെണ്ണോ?

‘പെണ്ണ്

പേരിടാനുള്ള നറുക്ക് ശാന്തിനിക്കാണ് വീണത്‌..

മൃണാളിനി..

നൂലുകെട്ടും പേരിടീലുമൊക്കെ സിസ്റ്ററിനോടും പറഞ്ഞു..

ആ പേരിന്‍റെ അര്‍ത്ഥമറിയാമോ? സിസ്റ്റര്‍ ചോദിച്ചു

'ഇല്ല

‘തളിര് പോലെ മൃദുവായ ശരീരമുള്ളവള്‍ എന്നാണ്....  

'ശശാങ്കന്‍ എന്ന് വച്ചാല്‍ ചന്ദ്രന്‍.. നിലാവ് പോലെ സുന്ദരനായ സാറിന് തളിര് പോലെ, പൂവ് പോലെ, ഒരു മോള്.. അത് കലക്കി’.. ലിസ ശാന്തിനിക്ക് തൂവാല കൊണ്ട് ഒരു കിരീടം വച്ച് കൊടുത്തു

പെട്ടെന്നാണ് ഒരുദിവസം രേണുവാന്റിയുടെ കൊണ്ടെസ്സ ഗേറ്റിനു മുന്നില്‍  വന്നത്.. ആള്‍ നേരെ മഠത്തിലേക്ക് കയറി, കുറച്ചു കഴിഞ്ഞു തിരിച്ചു പോയി.. അന്ന് തന്നെ പിന്നെയും വന്നു, പോയി.. പിറ്റേന്നും വന്നു, സിസ്റ്ററിനെ കൊണ്ടെസ്സയില്‍ കയറ്റി പോവുകയും ചെയ്തു. മറീനയോട് ഇതിനിടയിലൊന്നും ആന്റി സംസാരിച്ചതേയില്ല.. 

സിസ്റ്റര്‍ പിന്നെ സ്കൂളില്‍ വന്നില്ല..ഫേമസ്ഫൈവിന് ചിറകൊടിഞ്ഞതു പോലെയായിരുന്നു.. ക്ലാസ്സ്‌ഫോട്ടോക്കും ഓട്ടോഗ്രാഫിനും ഫെയര്‍വെല്‍ പാര്‍ട്ടിക്കും ഒന്നും സിസ്റ്ററില്ല.. റിസല്‍ട്ടറിയാന്‍ ചെന്നപ്പോഴും ബുക്കും ടിസിയും വാങ്ങി പോരുമ്പോഴും ഒന്നും സിസ്റ്റര്‍ അവിടെ ഉണ്ടായിരുന്നില്ല..സിസ്റ്റര്‍ ബംഗ്ലൂരിലെ പുതിയ സ്കൂളിലേക്ക് പോയി എന്നതല്ലാതെ മറീനക്കും വിവരമൊന്നും കിട്ടിയില്ല.

സയന്‍സ് പരീക്ഷയുടെ അന്ന് ആന്‍മേരിയാണ് വന്നു പറഞ്ഞത്..

നീലാമ്പല്‍ പൂത്തു..  

നാലു പേരും കൂടെ ഒറ്റ ഓട്ടമായിരുന്നു ..

കുളത്തിന്‍റെ ഒരറ്റത്ത് പരല്‍ക്കല്ലിനോട് ചേര്‍ന്ന് ഒരു കുഞ്ഞാമ്പല്‍പ്പൂവ്..

കുഞ്ഞിപ്പൂവേ.. നീലിക്കുഞ്ഞീ..

പുന്നാരിച്ചു മതിയാവുന്നില്ല, പക്ഷെ പരീക്ഷ...

തീര്‍ന്ന പാടെ പിന്നെയും കുളക്കരയില്‍ വന്നു.. പിന്നെ രണ്ടു ദിവസം കൂടിയേ പരീക്ഷയുണ്ടായിരുന്നുള്ളൂ.. ഇനി വരണ്ട..  

നീലിക്കുഞ്ഞിയെ തനിച്ചാക്കി സ്കൂളില്‍ നിന്നിറങ്ങി..

ഓരോരുത്തരും ഓരോ വഴിക്ക് പിരിഞ്ഞു.. ശാന്തിനിയും ആനും നാട്ടില്‍ത്തന്നെയുള്ള കോളേജില്‍ ചേര്‍ന്നു, മറീന ബിസിഎമില്‍, സ്റെല്ല തെരെസസില്‍, ലിസ ആഗ്നസില്‍.. എങ്കിലും ഫേമസ് ഫൈവ് എന്നും ഒന്നിച്ചുതന്നെയായിരുന്നു..

അഞ്ചു പേരും പിന്നെയും ഒത്തുകൂടി.. കസ്തൂര്‍ബയില്‍ എം ബി ബി എസ്സിന്..

അന്നൊരിക്കല്‍ മറീന അവധി കഴിഞ്ഞു വന്നത് ഒരു ബോംബുമായാണ്..

സിസ്റ്റര്‍ റോസിലിക്ക് ഒരു കുഞ്ഞുണ്ട്‌..

കൂടുതലൊന്നും അറിയില്ല..

അറിയാന്‍ ഒരുപാടു ശ്രമിച്ചു നോക്കി..

സിസ്റ്റര്‍ കുറച്ചു കാലം മഠത്തില്‍ ഇല്ലായിരുന്നു, ഇപ്പോള്‍ വേറെ ഏതോ സ്ഥലത്താണ്, വേറെ ഏതോ മഠത്തില്‍, അവിടത്തെ ഓര്‍ഫനേജിലെ സ്കൂളിലെ ഹെഡ്ടീച്ചര്‍ ആണ്.. ഇത്രയുമല്ലാതെ വേറെ ഒന്നും അറിയാനേ കഴിഞ്ഞില്ല.. സിസ്റ്ററിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു നോക്കി, അഡ്രസ്സ് കിട്ടിയില്ല..

കഴിഞ്ഞ മാസം ചാറ്റ് ചെയ്യുന്നതിനിടെ ലിസയാണറിയിച്ചത്..
സിസ്റ്റര്‍ ഇപ്പോള്‍ നമ്മുടെ സ്കൂളിലുണ്ട്.. വേറെ ആര്‍ക്കും ഇപ്പോള്‍ നാട്ടിലേക്ക് വരാന്‍ കഴിയില്ല, അത് കൊണ്ട് എല്ലാവരെയും റെപ്രസന്റ് ചെയ്തു പോയി കാണണം.. വിശേഷങ്ങള്‍ തിരക്കണം..

ഇപ്പോള്‍ ധ്യാനം കഴിഞ്ഞു കാണും..

കുറച്ചു കൂടി കഴിഞ്ഞാണ് സിസ്റ്റര്‍ .. അല്ല മദര്‍ റോസലിന്‍ വന്നത്..

മദര്‍ കവിളില്‍ അമര്‍ത്തി ഉമ്മ വച്ചു, തോളില്‍ കയ്യിട്ടു ചേര്‍ത്ത് പിടിച്ചു കുറെ നേരം ഒന്നും മിണ്ടാതെ സെറ്റിയിലിരുന്നു..

'ബാക്കി നാലുപേര്‍ എവിടെ? --എല്ലാവരുടെയും വിശേഷങ്ങള്‍ പറഞ്ഞു... ഓരോരുത്തരെയും ഫോണില്‍ വിളിച്ചു, സംസാരിച്ചു..

'നീ നരച്ചു.. മദര്‍ വാത്സല്യത്തോടെ നെറ്റിക്കരികിലെ വെളുത്ത മുടിയിഴ തലോടി..

മദറിന്‍റെ അടുത്തിരുന്നു കഞ്ഞി കുടിച്ചു.. മഠത്തില്‍ എല്ലാം പുതിയ ആളുകളാണ്..
ഏറെയും ചെറുപ്പക്കാര്‍..

ആനിയമ്മ ഒരു പ്ലേറ്റില്‍ കുറച്ചു മുന്തിരിങ്ങയുമായി വിസിറെഴ്സ് റൂമില്‍ വന്നു..

'സിസ്റ്റര്‍ തേജസ്സിനെ വിളിക്ക്.. മദര്‍ ആനിയമ്മയോട് പറഞ്ഞു..

സിസ്റ്റര്‍ തേജസ്‌ വന്നു.. വെളുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി.. തിരുവസ്ത്രം അവള്‍ക്കു ഭംഗി കൂട്ടുന്നത്‌ പോലെ..

'ഇത് തേജസ്‌, ഇവിടത്തെ നേഴ്സറിയുടെ ചാര്‍ജ് ആണ്, എന്‍റെ വലംകൈ.. ഇതാണ് ശാന്തിനി’ മദര്‍ അവരോടു പറഞ്ഞു..

'അമ്മ പറയാറുണ്ട് ഫേമസ് ഫൈവിന്റെ കാര്യമൊക്കെ.. സിസ്റ്റര്‍ തേജസ്‌ മനോഹരമായി പുഞ്ചിരിച്ചു...

വെയില്‍ ചായാന്‍ തുടങ്ങുന്നു..

'എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ, ഇനി ഞങ്ങള്‍ എല്ലാവരും കൂടെ വരാം.. ഇതാണ് എന്‍റെ കാര്‍ഡ്‌, ഫോണ്‍ നമ്പരും ഇമെയിലും അതിലുണ്ട്..

സിസ്റ്റര്‍ തേജസ്‌ കാര്‍ഡ്‌ വാങ്ങി.. അടുത്തുള്ള സ്റ്റാന്‍ഡില്‍ നിന്നും പാഡ് എടുത്തു അതിലെന്തോ കുറിച്ച് മടക്കി ഒരു കവറിലിട്ടു കൊടുത്തു.. അത് വാങ്ങി കയ്യില്‍ പിടിച്ചു..

മദറും സിസ്റ്ററും ഗേറ്റ് വരെ വന്നു..

കുനിഞ്ഞു പുറത്തിറങ്ങി..

ആനിയമ്മ ഗേറ്റടച്ചു.. 

കാറിന്‍റെ കീ എടുക്കാന്‍ പേഴ്സ് തുറന്നു, സിസ്റ്റര്‍ തേജസ് തന്ന കവര്‍ അതിലെക്കിടും മുന്‍പ് തുറന്നു നോക്കി..

ഫോണ്‍ നമ്പരും ഇമെയിലുമാണ് --

mrinalini_angel@.....






*******************************************

4 comments:

  1. കന്യാവനത്തിലെ നീലാംബല്‍ക്കുരുന്നു വായിച്ചു

    സഹോദരിമാര്‍ പഠിച്ചിരുന്നത് ഒരു മഠം വക സ്കൂളില്‍ ആയിരുന്നു
    ഞാന്‍ ഇടക്കൊക്കെ പോകാറുണ്ടായിരുന്നു. അവിടേക്ക് തിരിച്ചുപോയ
    സുഖം. രശ്മിയുടെ എഴുത്തിനൊരു താളം ഉണ്ട് അത് വിടരുത്

    എല്ലാ വിധ ആശംസകളോടെ
    രാജ്
    srisekh@gmail.com

    ReplyDelete
  2. great writing... it is like i was in 10 B......thank you for taking me to my class room...
    regards

    ReplyDelete
  3. chechiiiii................
    adi poli............

    ReplyDelete